തൃശ്ശൂർ: ലോക് സഭാ തിരഞ്ഞെടുപ്പുകാലം മുതൽ കൊണ്ടുനടന്ന താടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിവാക്കി. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കാത്തതിനാലാണ് കാരണമെന്ന് പറയുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻതന്നെ പറഞ്ഞിരുന്നു. സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ ചിത്രീകരിച്ചിരുന്നു. പാർലമെന്റ് സമ്മേളനം ഡിസംബർ പകുതിയോടെയേ അവസാനിക്കൂ. അതിനാൽ, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവർഷംകൂടി കാത്തിരിക്കണം എന്ന അവസ്ഥയായി സുരേഷ് ഗോപിക്ക്. കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുൻപ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. താടിവച്ച ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ഒറ്റക്കൊമ്പൻ സിനിമയുടെ പോസ്റ്ററും പങ്കുവെച്ചു. ‘ഊഹാപോഹങ്ങൾക്ക് ഇടമില്ല, 2025’ എന്നാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്.