കാസര്‍കോട്: ക്ഷേത്രോത്സവങ്ങളും കളിയാട്ടങ്ങളും സജീവമായി തുടങ്ങിയതിനു പിന്നാലെ കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ ആരാധനാലയങ്ങളിലുള്‍പ്പെടെ ആറിടത്ത് കവര്‍ച്ച നടന്നു. ആറ് ആരാധനാലയങ്ങളിലും ഒരു കടയിലുമാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രി ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്താണ് കവര്‍ച്ച നടന്നത്. മാന്യ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നു ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറു ലക്ഷം രൂപ വില വരുന്ന വെള്ളി നിര്‍മ്മിത അയ്യപ്പ ഛായാഫലകം കവര്‍ന്നു. ഗോപുരത്തിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഭണ്ഡാരങ്ങളുടെ പൂട്ടു പൊളിച്ച് പണം കൈക്കലാക്കി മോഷ്ടാക്കള്‍ സ്ഥലം വിട്ടു. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നെല്ലിക്കട്ട ശ്രീ നാരായണ ഗുരുമന്ദിരത്തിലും സമാനരീതിയിലാണ് കവര്‍ച്ച നടന്നത്. ശ്രീകോവിലിന്റെയും ഓഫീസിന്റെയും പൂട്ടു തകര്‍ത്ത നിലയിലാണ്. രണ്ടിടത്തും ഉണ്ടായിരുന്ന കാണിക്ക ഡബ്ബിയില്‍ നിന്നു കാല്‍ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൊയിനാച്ചി ടൗണിലുള്ള അയ്യപ്പക്ഷേത്രത്തിലും ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നു. ഓഫീസിന്റെയും ശ്രീകോവിലിന്റെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ശ്രീകോവിലില്‍ നിന്നു ഒരു പവന്‍ സ്വര്‍ണ്ണവും ഓഫീസില്‍ നിന്നു 5000 രൂപയും നഷ്ടമായി. അഞ്ചോളം ഭണ്ഡാരങ്ങളും തകര്‍ത്ത നിലയിലാണ്. സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കുമായാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. തിങ്കളാഴ്ച രാവിലെ ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി എടനീര്‍ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ മൂന്നിടത്തും കവര്‍ച്ച നടന്നിരുന്നു.