തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
