ഹൈദരാബാദ്: വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മയോണൈസ് ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് 33 കാരി മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തും.ഹൈദരാബാദിലെ വഴിയോരക്കടയില്‍ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരിയാണ് മരിച്ചത്. രേഷ്മ ബീഗവും പെണ്‍മക്കളും വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ ഒരു തെരുവ് കച്ചവടക്കാരന്റെ കടയില്‍ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു, മക്കള്‍ രണ്ടുപേരും ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഷവര്‍മ ഔട്ട്ലെറ്റില്‍ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു.
