കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ക്കണ്ട തെരുവുനായകളെ ഓടിക്കുന്നതിനിടയില്‍ വയോധിക വീണു മരിച്ചു. മുളിയാര്‍, മല്ലം, അമ്മങ്കോട്ടെ പരേതനായ കുഞ്ഞമ്പുനായരുടെ ഭാര്യ തുളിച്ചേരി കാര്‍ത്യായനി അമ്മ (82)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്തു കൂട്ടംകൂടി കാണപ്പെട്ട തെരുവുനായകളെ ഓടിക്കാനുള്ള ശ്രമത്തിനിടയില്‍ ഏണിപ്പടിയില്‍ നിന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് മകള്‍ ലക്ഷ്മി ചെന്ന് നോക്കിയപ്പോള്‍ വീണു കിടക്കുന്ന നിലയിലാണ് കാര്‍ത്യായനി അമ്മയെ കണ്ടത്. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ചെര്‍ക്കളയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ബാലകൃഷ്ണന്‍ നായര്‍, ലക്ഷ്മി, രാജന്‍, ചന്ദ്രന്‍, മുരളീധരന്‍, ലീലാമണി. മരുമക്കള്‍: ശാന്ത, ധന്യ, സുമ, സുധ, വിജയന്‍ കുണ്ടംകുഴി.
