ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറി; വിമാന യാത്രയ്ക്കിടെ തന്റെ നായ ചത്തെന്ന പരാതിയുമായി യാത്രക്കാരന്‍

ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറിയതിനെ തുടര്‍ന്ന് തന്റെ നായ ആഷ് മരിച്ചെന്ന പരാതിയുമായി യുവാവ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ സ്വദേശിയായ മൈക്കല്‍ കോണ്ടില്ലോയാണ് പരാതിക്കാരന്‍. അലാസ്‌ക എയര്‍ലൈന്‍സിനെതിരെയാണ് യുവാവ് കേസ് ഫയല്‍ ചെയ്തത്. ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ഫസ്റ്റ് ക്ലാസ് സീറ്റിന് പകരം ഇക്കോണമി സീറ്റിലേക്ക് മാറാന്‍ മൈക്കലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് തന്റെ പ്രിയപ്പെട്ട നായ ആഷ് ചത്ത് പോയതെന്ന് മൈക്കല്‍ കോണ്ടില്ലോ ഒക്ടോബര്‍ 16 ന് ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. വിമാന യാത്രയില്‍ തങ്ങളുടെ രണ്ട് ഫ്രഞ്ച് ബുള്‍ ഡോഗുകളായ ആഷിനും, കോരയ്ക്കും പ്രത്യേകം ടിക്കറ്റെടുത്തിരുന്നു. ചുറ്റിക്കറങ്ങാന്‍ മതിയായ സ്ഥലവും മറ്റ് യാത്രക്കാരുമായി കുറഞ്ഞ ഇടപെടലും മാത്രമേയുണ്ടാകൂവെന്ന് ഉറപ്പാക്കാനാണ് മൈക്കല്‍ കോണ്ടില്ലോ, പിതാവിനും തനിക്കും ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ഫ്‌ളൈറ്റ് പറന്നുയരുന്നതിന് മുമ്പ്, രണ്ട് നായ്ക്കളെയും മൃഗഡോക്ടര്‍ പരിശോധിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ കോണ്ടില്ലോയും പിതാവും ഇക്കോണമി ക്ലാസിലേക്ക് മാറണമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ടേക്ക് ഓഫ് സമയത്ത് ആഷിനെ കിടത്തിയിരുന്ന കൂടിന്റെ വാതില്‍ അടയ്ക്കാന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ആ സമയത്ത് കോണ്ടില്ലോയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ വിമാനം സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും നായ മരിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തിന്റെ അപ്രതീക്ഷിത മരണം തന്നെ ഒരു വിഷാദരോഗിയാക്കിയെന്നും മൈക്കലിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ബുള്‍ ഡോഗുകള്‍, പഗ്‌സ് തുടങ്ങിയ ചെറിയ മൂക്കുള്ള നായ ഇനങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം വിമാനയാത്രയ്ക്കിടെ അവയുടെ മരണസാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. അത്തരം ഇനങ്ങള്‍ക്കായി, കാര്‍ഗോയായോ മറ്റ് പരിമിതമായ പ്രദേശങ്ങളിലോ അല്ലാതെ പാസഞ്ചര്‍ ക്യാബിനില്‍ തന്നെ യാത്ര അനുവദിക്കണമെന്നും സംഘടന നിര്‍ദ്ദേശിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page