പയ്യന്നൂർ: കാസർകോട് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ വരുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് യന്ത്ര വാഹനം പാളം മുറിച്ചു കടന്നു പോയി. ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കർണാടക സ്വദേശിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പയ്യന്നൂരിൽ പ്ലാറ്റ്‌ഫോം ഉയർത്തുന്നതിനുള്ള പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു. കോൺക്രീറ്റ് മിക്സിങ് വാഹനം നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നു. കാസർകോട് നിന്ന് പുറപ്പെട്ട ട്രെയിൻ പയ്യന്നൂരിലെത്താറായപ്പോൾ വാഹനം റെയിൽപ്പാളം മുറിച്ചു കടന്നു പോകുന്നത് ലോക്കോ പൈലറ്റ് ദൂരെ നിന്നും കണ്ടു. ബ്രേക്ക് പ്രയോഗിച്ചതിനാൽ അപകടം ഒഴിവായി. സംഭവം ഉടൻതന്നെ ലോക്കോ പൈലറ്റ് കണ്ണൂരിലെ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. കോൺക്രീറ്റ് മിക്‌സിംഗ് മെഷീൻ വാഹനം ഓടിച്ച കർണാടക സ്വദേശി കാശിനാഥി(22)നെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിൽ യുവാവിന് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന് വ്യക്തമായി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമിന്റെ നീളം വർദ്ധിപ്പിക്കുന്ന പ്രവർത്തി നടക്കുകയാണ്.
