മംഗ്‌ളൂരു: റീല്‍സ് ആരാധകനുമായുള്ള യുവതിയുടെ പ്രണയം ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. ഒടുവില്‍ യുവതിയും കാമുകനും ഇരുമ്പഴിക്കകത്തായി. കാര്‍ക്കള, അജക്കാപുവിലെ പ്രതിമ (26), കാമുകന്‍ ദിലീപ് ഹെഗ്‌ഡെ (28) എന്നിവരെയാണ് കാര്‍ക്കള പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിമയുടെ ഭര്‍ത്താവ് ബാലകൃഷ്ണ പൂജാരി (44) ഒക്ടോബര്‍ 20ന് രാത്രിയിലാണ് മരണപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘നേരത്തെ മുംബൈയില്‍ കാന്റീന്‍ നടത്തിവരികയായിരുന്നു ബാലകൃഷ്ണ പൂജാരിയും ഭാര്യ പ്രതിമയും. കോവിഡ് കാലത്തോടെ കാന്റീന്‍ അടച്ചുപൂട്ടി ഇരുവരും നാട്ടില്‍ തിരികെയെത്തി. റീല്‍സ് എടുക്കുന്നതില്‍ മികച്ച കഴിവാണ് പ്രതിമ പ്രകടിപ്പിച്ചിരുന്നത്. സാമൂഹ്യമാധ്യമത്തില്‍ ആയിരക്കണക്കിനു ആരാധകരുമുണ്ട്. റീല്‍സ് എടുക്കുന്നതിന് ഭാര്യയ്ക്ക് എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ബാലകൃഷ്ണ പൂജാരി നല്‍കിയിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആയിരക്കണക്കിനു ആരാധകരുള്ള പ്രതിമ, അതിലൊരു ആരാധകനായ ദിലീപ് ഹെഗ്‌ഡെയുമായി പ്രണയത്തിലാവുകയായിരുന്നുവെന്നു പറയുന്നു.
പ്രണയബന്ധം ശക്തമായതോടെ ഇരുവര്‍ക്കും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഭര്‍ത്താവായ ബാലകൃഷ്ണ പൂജാരിയെ ഇല്ലാതാക്കിയാല്‍ മാത്രമേ തന്റെ ആഗ്രഹം സഫലമാകുവെന്നു കണക്കു കൂട്ടിയ പ്രതിമ, കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഒരാഴ്ച മുമ്പ് ഭക്ഷണത്തില്‍ സ്ലോപോയിസണ്‍ കലര്‍ത്തി ഭര്‍ത്താവിനു നല്‍കി. ഛര്‍ദ്ദിയും അവശതയും ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതോടെ 19ന് ഡിസ്ചാര്‍ജായി. പിറ്റേന്ന് രാത്രി പ്രതിമയും കാമുകനായ ദിലീപ് ഹെഗ്‌ഡെയും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.”
