തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം; ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെയെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമായ പ്രവൃത്തിയാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് ആചാരമല്ലെന്നും പകരം മനുഷ്യന്റെ വാശിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. മൂകാംബിക ശക്തി പീഠമാണ്. അവിടെ ഒരു ആന എഴുന്നള്ളത്തുമില്ല ഉള്ളത് രഥം മാത്രമാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് മിക്കപ്പോഴും എഴുന്നള്ളത്തുകള്‍ നടക്കുന്നത്. ഇത് ക്രൂരതയാണ്. ഇതിന് പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പു നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page