കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബംഗ്‌ളൂരുവില്‍ പിടിയിലായ യുവാവിനെ കാസര്‍കോട്ടെത്തിച്ചു. ഉദുമ, തെക്കേക്കര, താമരക്കുഴിയിലെ മുഹമ്മദ് ജൗഹര്‍റിസ്വാനെ (22)യാണ് ബുധനാഴ്ച രാവിലെ കാസര്‍കോട്ടെത്തിച്ചത്. വിശദമായി ചോദ്യം ചെയ്ത ശേഷം മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കാസര്‍കോട് നഗരത്തിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ അക്രമ സംഭവം അരങ്ങേറിയത്.
ആശുപത്രിയിലെ എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ടെക്നിക്കല്‍ ജീവനക്കാരനായ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുല്‍ റസാഖി(28)നാണ് കുത്തേറ്റത്.
അക്രമി ആശുപത്രിയിലേക്ക് കയറി വരുന്നതും അക്രമം നടത്തുന്നതും അതിനു ശേഷം പുറത്തേക്ക് ഓടി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നു രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതി തിങ്കളാഴ്ച രാത്രി ബംഗ്ളൂരുവില്‍ പിടിയിലായത്.
