കണ്ണൂര്‍: എ ഡി എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുത്തു. ലാന്റ് റവന്യു ജോയന്റ് കമ്മീഷണര്‍ ഗീതയാണ് മൊഴിയെടുത്തത്.
റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന വകുപ്പ് തല അന്വേഷണത്തിലാണ് കളക്ടറുടെ മൊഴിയെടുത്തത്. എ ഡി എമ്മിനു അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ നേരത്തെ നല്‍കിയിരുന്നു. പിന്നാലെ കലക്ടര്‍ക്കെതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല ഗീത ഐ എ എസിനെ ഏല്‍പ്പിച്ചത്. എ ഡി എമ്മിന്റെ യാത്രയയപ്പിലേയ്ക്ക് ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യയ്ക്ക് എതിരായ മൊഴിയാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ യാത്രയയപ്പ് പരിപാടിയിലേയ്ക്ക് വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്നാണ് കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ മൊഴി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിനു ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നുമാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ മൊഴി നല്‍കിയത്.
നവീന്റെ യാത്രയയപ്പ് പരിപാടിയുടെ സംഘാടകന്‍ താനല്ലെന്നാണ് ജില്ലാ കലക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി.