പട്‌ന: ബിഹാറില്‍ വ്യാജമദ്യം കുടിച്ച് 53 മരണം. നിരവധി പേരെ ഗുരുതരാവസ്ഥയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. ഇതില്‍ സിവാനില്‍ 39 പേരും സരണില്‍ 12 പേരും ഗോപാല്‍ഗഞ്ചില്‍ രണ്ട് പേരും മരിച്ചു.
പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പത്തുമദ്യ വില്‍പ്പനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 50 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
ദുരന്തത്തിന്റെ ഉത്തരവാദി എന്‍ഡിഎ സര്‍ക്കാറാണെന്നും വ്യാജ മദ്യ വില്‍പനയ്ക്ക് പിന്നില്‍ ഉന്നതരാണെന്നും ആര്‍ജെഡി ആരോപിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍.
ഡ്രോണ്‍ ക്യാമറകളുടെ സഹായത്തോടെ മദ്യവില്‍പ്പനശാലകള്‍ കണ്ടെത്തി പൊളിക്കുകയാണ്.
ബിഹാറിലെ മദ്യനിരോധനം കടലാസില്‍ മാത്രമേയുള്ളൂവെന്നു ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ബിഹാറിലെ എല്ലാ ജില്ലകളിലും വിഷമദ്യ ദുരന്തങ്ങള്‍ നടക്കുന്നുണ്ടെന്നും പലതും മൂടിവയ്ക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കള്ളക്കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബിഹാര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിവാനിലും സരണിലും ക്യാമ്പ് ചെയ്യുന്നുണ്ട്.