കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. സെപ്തംബര്‍ എട്ടിന് മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമീം നല്‍കിയ പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബൈക്കില്‍ കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് ലഭിച്ച പരാതി. കേസില്‍ വണ്ടി ഓടിച്ചത് ശ്രീനാഥ് ഭാസി ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തില്‍ പരുക്കേറ്റ ഫഹീമിന് നഷ്ടപരിഹാരം നല്‍കിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. കാറില്‍ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരി കേസില്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് ഓം പ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലില്‍ ഇവരെ സന്ദര്‍ശിച്ചെന്ന പേരിലാണ് ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാര്‍ട്ടിനെയും പൊലീസ് ചോദ്യം ചെയ്തത്.
