തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച രാത്രി 11.30 വരെ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു. കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നിർദ്ദേശിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത. ഇന്നോ നാളെയോ ആയി തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ന്യൂനമർർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
