കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ പുത്തിഗെ, ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപിക സച്ചിതാറൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ 17ലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നേരത്തെ പരിഗണിച്ച ജില്ലാ സെഷന്‍സ് കോടതി സച്ചിതയെ അറസ്റ്റു ചെയ്യുന്നത് തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. ഹര്‍ജിയിന്മേല്‍ ചൊവ്വാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകന്റെയും വാദം കോടതിയില്‍ നടന്നു. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടതിനു ശേഷമാണ് ഹര്‍ജിയിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് 17-ാം തീയതിയിലേക്ക് മാറ്റിയത്.
സിപിസിആര്‍ഐ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിലാണ് സച്ചിതയ്‌ക്കെതിരെ കുമ്പള പൊലീസ് ആദ്യം കേസെടുത്തത്. ഈ കേസിലാണ് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ഒന്നും ബദിയഡുക്കയില്‍ മൂന്നു കേസുകളുമാണ് നിലവിലുള്ളത്. കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലും സച്ചിതയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സച്ചിതയെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലാണ് കര്‍ണ്ണാടക പൊലീസ്.
