കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പ്രതിഷേധവും സംഘര്‍ഷവും. പ്രതിഷേധ ജാഥയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പി.പി ദിവ്യയുടെ കോലത്തെ തൂക്കിലേറ്റി.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെയ്ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാനുള്ള ശ്രമവും ഉണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
പത്തനം തിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയ എ.ഡി.എം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ച നവീന്‍ബാബുവിനെ സ്വീകരിക്കാന്‍ ഭാര്യ മഞ്ജുള ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കാത്തു നിന്നു. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് മഞ്ജുള കണ്ണൂരിലെ ഡ്രൈവറെ ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് നവീന്‍ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ഥലം മാറിപ്പോകുന്ന എ.ഡി.എമ്മിനു കണ്ണൂര്‍ കലക്ടറേറ്റില്‍ യാത്രയയപ്പു നല്‍കിയിരുന്നു. ഈ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ക്ഷണിക്കാതെ എത്തുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നവീന്‍ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
