കാസര്‍കോട്: പി.വി അന്‍വര്‍ എം.എല്‍.എ ശനിയാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തും.
പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കണമെന്നു ഡിവൈ.എസ്.പി നിര്‍ദ്ദേശിച്ചിട്ടും വിട്ടു നല്‍കാതിരുന്നതില്‍ ദുഃഖിതനായി ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ നിസ്സഹായ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിക്കും. സ്വന്തമായി വീടില്ലാത്ത അബ്ദുല്‍ സത്താറിന്റെ കുടുംബത്തിനു വീടു നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ഭവനനിര്‍മ്മാണ ഫണ്ടിന്റെ ആദ്യ ഗഡു അദ്ദേഹം സംഭാവന ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ രൂപീകരിച്ച കേരള ഡി.എം.കെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുള്ളവരുമായി അദ്ദേഹം കൂടിയാലോചനയും ചര്‍ച്ചയും നടത്തും. പാര്‍ട്ടിയുടെ ജില്ലാ ഘടകം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കു നാളെ തുടക്കം കുറിക്കുന്നതാണ്. തിരുവനന്തപുരം എക്‌സ്പ്രസില്‍ രാവിലെ 10 മണിക്കു കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തുന്ന പി.വി അന്‍വറിനു ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കുന്നതാണ്.