കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളടുക്കത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, ഗദഗ ജില്ലയിലെ സുഹ്്‌നഹള്ളി സ്വദേശിയും കൊളത്തൂര്‍, ചാപ്പനടുക്കത്ത് താമസക്കാരനുമായ ദേവേന്ദ്ര (44)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പെര്‍ളടുക്കത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സിനു മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. ചെരിഞ്ഞു കിടന്ന നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങളായി ചാപ്പനടുക്കത്ത് താമസിക്കുന്ന ദേവേന്ദ്ര മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്നു മക്കളും കൂടെ താമസിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ഭാര്യയും മക്കളും സുഹ്‌നഹള്ളിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെയാണ് ദേവേന്ദ്രയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. അമിത മദ്യപാനത്തെ തുടര്‍ന്നു വീഴുകയും തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതുമായിരിക്കും മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.