കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കി. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. ശ്രീക്കുട്ടിക്കു കേസില്‍ പങ്കുള്ളത് മനസിലായതോടെയാണ് ജോലിയില്‍ പുറത്താക്കിയത്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായിരുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ.ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്ന് പിടികൂടി.
വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ മുമ്പ് അഞ്ചു കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണം, പൊതു മുതല്‍ നശിപ്പിക്കല്‍, വഞ്ചന തുടങ്ങി കുറ്റങ്ങള്‍ക്കാണ് അജ്മലിനെതിരെ കേസെടുത്തിട്ടുളളത്. അജ്മലും സുഹൃത്തായ ഡോക്ടര്‍ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം മദ്യപിച്ചു. അപകടമുണ്ടാകുന്നതിന് 2 കിലോ മീറ്റര്‍ അകലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്ത് ഇറങ്ങി. അതിന് ശേഷം വാഹനമോടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് മൊഴി. സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും
അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ ഡോ.ശ്രീക്കുട്ടിയാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് ആക്രോശിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.