മദ്യകുപ്പികള്‍ നശിപ്പിക്കുന്നത് മദ്യപാനികള്‍ക്ക് ഒരിക്കലും ഇഷ്ടമാകില്ല. എങ്ങനെയെങ്കിലും അത് തടയാനെ അവര്‍ ശ്രമിക്കൂ. അത്തരത്തില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പൊലീസ് പിടികൂടിയ അനധികൃത മദ്യക്കുപ്പികള്‍ പിന്നീട് നശിപ്പിക്കുകയാണ് പതിവ്. ഏറ്റുകുരു റോഡിലെ ഡബ്ബിങ് യാര്‍ഡിലാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കാറുള്ളത്. 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യമാണ് പൊലീസ് നശിപ്പിക്കാന്‍ നിരത്തി വച്ചത്. നിരത്തി വെച്ചശേഷം മണ്ണി മാന്തി യന്ത്രം അതിന് മുകളില്‍ കയറ്റിയാണ് കുപ്പികള്‍ നശിപ്പിക്കുക. ഇതിനായി കുപ്പികള്‍ നിരത്തി വച്ചപ്പോള്‍ കുടിയന്മാര്‍ക്ക് അത് സഹിച്ചില്ല. ഓടിക്കൂടിവരില്‍ ചിലര്‍ അത് എടുത്തു ഓടി. ഇതോടെ പ്രദേശവാസികളും മദ്യക്കുപ്പികള്‍ എടുത്തുകൊണ്ടുപോയി. സംഭവസ്ഥലത്ത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ കുപ്പിയെടുത്തു കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ. പകുതിയിലധികം കുപ്പികള്‍ മാത്രമേ നശിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. സംഭവത്തിന്റെ വീഡിയോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
