കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തുനിന്നതിന് തന്നെ സിനിമയില്‍നിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്. നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ താന്‍ ചോദ്യം ചെയ്തതാണ് മലയാള സിനിമയില്‍ നിന്ന് വിലക്ക് നേരിടാന്‍ കാരണമെന്നും സൗമ്യ ആരോപിച്ചു. സിനിമയിലെ ‘നല്ല ആണ്‍കുട്ടികള്‍’ പോലും മറ്റൊരു മുഖമുണ്ടെന്നും സൗമ്യ പറയുന്നു. തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചുവെന്നും സൗമ്യ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പുതിയ പ്രൊജ്കടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായ മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ.