കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 11 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗർ സ്വദേശി എച്ച്.അശ്രഫിനെയാണ് (31) കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ പി.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. രാത്രി പരിശോധനയ്ക്കിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തെത്തിയ പൊലീസ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്. പിറകിലെ സീറ്റിലും സീറ്റിനടിയിലും ഡിക്കിയിലുമായി ചാക്കുകളിലാണ് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചത്. 21,962 പാക്കറ്റാണ് 11 ചാക്കുകളിലായുണ്ടായിരുന്നത്. എ.എസ്.ഐ സുഭാഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയേഷ്, ഉണ്ണികൃഷ്ണന്‍, അനൂപ്, ശരത്ത് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.