ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്. ചിങ്ങമാസത്തിലെ ചതുര്‍ത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ഏകദേശം ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 20 നും ഇടയിലാണ് ഗണേശ ചതുര്‍ത്ഥി വരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 7 ശനിയാഴ്ചയാണ് വിനായക ചതുര്‍ത്ഥി. രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമാണിത്. ഗജാനനന്‍, ധൂമ്രകേതു, ഏകദന്ത, വക്രതുണ്ഡ, സിദ്ധി വിനായക എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതിയെ ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും ദേവനായി വിശേഷിപ്പിക്കാറുണ്ട്. ആഘോഷത്തിന് ശേഷം ഗണപതി ഭഗവാന്റെ വിഗ്രഹം പുഴയില്‍ നിമജ്ജനം ചെയ്യുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയില്‍ വിനായക ചതുര്‍ത്ഥി പ്രമാണിച്ച് ഇന്ന് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗണപതീ ക്ഷേത്രങ്ങളിലടക്കം രാവിലെ മുതല്‍ ആഘോഷങ്ങളും പൂജകളും ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ വിനായക ചതുര്‍ഥി ആഘോഷത്തിനു വിവിധ പരിപാടികളോടെ തുടക്കമായി. കാസര്‍കോട് മല്ലികാ ക്ഷേത്രത്തിലും മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ഷേത്രത്തിലും കുമ്പള, മുള്ളേരിയ, മേല്‍പറമ്പ്, പള്ളിപ്പുറം, തൃക്കണ്ണാട്, സീതാംഗോളി, നീര്‍ച്ചാല്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പെര്‍ല, മഞ്ചേശ്വരം, ചേറ്റുകുണ്ട്, പൂച്ചക്കാട് തുടങ്ങിയ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഗണേശോത്സവം നടക്കുന്നുണ്ട്.