അങ്കണവാടിക്കു സമീപം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍; കോതാറമ്പത്ത് ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; ഡെപ്യുട്ടി കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

 

കാസര്‍കോട്: ഉദുമ കോതാറമ്പത്ത് ചെരിപ്പാടികാവ് അങ്കണവാടിയോട് ചേര്‍ന്ന് സ്വകാര്യ മൊബൈല്‍ കമ്പനി നിര്‍മിക്കുന്ന ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. 60 ഓളം കുട്ടികള്‍ ഉള്ളതും രണ്ട് തവണ സംസ്ഥാനതല അവാര്‍ഡ് നേടിയതുമായ ഈ അങ്കണവാടിയുടെ സമീപത്താണ് ടവര്‍ നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ തന്നെ നാട്ടിലെ രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി രംഗത്തുളളവരെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മയില്‍ ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കാന്‍ യോഗം ചേര്‍ന്നിരുന്നു. അങ്കണവാടിയോട് ചേര്‍ന്ന് ടവര്‍ നിര്‍മിക്കുന്നതിനെതിരേ ഉദുമ പഞ്ചായത്ത് ഭരണ സമിതിയും രംഗത്ത് വന്നിരുന്നു. അങ്കണവാടിക്ക് 41 മീറ്റര്‍ അകലെ നിര്‍മിക്കുന്ന ടവര്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഡെപ്യുട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ പുനരധിവാസം)സുര്‍ജിത് സ്ഥലത്തെത്തിയത്. നാട്ടുകാരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. ഉദുമ വില്ലേജ് ഓഫീസറും ടവര്‍ കമ്പനി അധികൃതരും ഡെപ്യുട്ടി കളക്ടറോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഗീത കൃഷ്ണന്‍, ത്രിതലപഞ്ചായത്ത് അംഗങ്ങളായ പുഷ്പ ശ്രീധരന്‍, സൈനബ അബൂബക്കര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ശകുന്തള ഭാസ്‌കരന്‍, ബിന്ദു സുതന്‍ തുടങ്ങിയവരും ഡെപ്യുട്ടി കളക്ടറോട് നാട്ടുകാരുടെ ആശങ്ക പങ്കുവെച്ചു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page