തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അന്തരീക്ഷം മാറി തുടങ്ങിയെന്ന സ്വയം ബോധ്യത്തോടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുന്നു. സെപ്തംബര്‍ ഒന്നു മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ സംസ്ഥാനത്ത് നേരത്തെ തീര്‍ക്കാന്‍ തീരുമാനിച്ചത്. ഇത്തവണത്തെ സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഉയരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുടര്‍ഭരണം കിട്ടിയിട്ടും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് കനത്ത പരാജയത്തിനു ഇടയാക്കിയതും ചര്‍ച്ചയാകും. ബിപിജെപിക്ക് സംസ്ഥാനത്ത് ലോക്‌സഭാ സീറ്റ് ലഭിച്ചതും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉണ്ടാക്കിയ വിവാദങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും ഭരണവിരുദ്ധവികാരം വോട്ടു ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്ന അഭിപ്രായങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങളാകും. സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വിവിധ സാമ്പത്തിക ആരോപണങ്ങളും ഏറ്റവും ഒടുവില്‍ ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ ഇടിമുഴക്കങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
അതേ സമയം ബ്രാഞ്ച് സമ്മേളനങ്ങളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തുന്നതോടൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വരണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖം നോക്കാതെയുള്ള വിമര്‍ശനങ്ങള്‍ നടത്തണമെന്നും നിഷ്‌ക്രിയത്വം മാറ്റി വച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.