സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ബംഗാളി നടി ശ്രീലേഖ മിത്ര ഉറച്ചു നിന്നതോടെ സിനിമാലോകത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും പിന്തുണയുമായുമായി നിരവധി പേരെത്തി തുടങ്ങി. അതേസമയം ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് മന്ത്രി സജീ ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അവകാശപ്പെടുന്ന മന്ത്രി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പ് എന്നാണ് വിശദീകരിക്കുന്നത്.
അതേസമയം നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ വിശദീകരണം നടി തള്ളിയിരുന്നു. സിനിമയുടെ ഓഡിഷന് വേണ്ടിയാണ് ശ്രീലേഖ മിത്രയെ വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം.
ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും സംഭവിച്ചത് തെറ്റായി എന്നെങ്കിലും രഞ്ജിത്ത് പറയണമെന്നും നടി ആവര്‍ത്തിച്ചു.
ഹേമ കമ്മറ്റി ഒരു ജുഡീഷ്യല്‍ കമ്മറ്റിയല്ലെന്നും അതിനാല്‍ പരാതികള്‍ വരാതെ സര്‍ക്കാരിന് കേസ് എടുക്കാന്‍ സാധിക്കില്ലെന്നുമുളള സര്‍ക്കാര്‍ നിലപാടാണ് ബൃന്ദ കാരാട്ട് ആവര്‍ത്തിച്ചത്.
ലൈംഗികാരോപണമുയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനിരാജ പറഞ്ഞു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനം തിരികെ നല്‍കണമെന്നും അവര്‍ പറഞ്ഞു. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്‌കാരിക മന്ത്രിക്കും യൂത്ത് കോണ്‍ഗ്രസ് നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സി.പി.ഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്
നടിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. പരാതി ഉയര്‍ന്നാല്‍ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി വേണമെന്നും അന്വേഷണം നടക്കട്ടേയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവക്കണെന്നാവശ്യപ്പെട്ട് സംവിധായകരായ ബിജുവും ആഷിക് അബുവും മനോജ് കാനയും രംഗത്തെത്തിയിട്ടുണ്ട്.