കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹെര്‍ണിയ ശസ്ത്രക്രിയ്ക്ക് എത്തിയ 46 കാരന്റെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗര്‍ഭാശയവും അണ്ഡാശയവും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ പിതാവായിരുന്നു രാജ്ഗിര്‍ മിസ്ത്രി. ഏറെ നാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അള്‍ട്രാസൗണ്ട് ചെയ്തിരുന്നു. വയറ്റില്‍ മുഴ പോലെ മാംസകഷ്ണം കണ്ടെത്തിയതോടെ വിദഗ്ധ പരിശോധനയ്ക്ക് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പ്രൊഫസര്‍ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ ശരീരത്തിനുള്ളില്‍ പൂര്‍ണ വളര്‍ച്ച എത്താത്ത ഗര്‍ഭപാത്രവും അണ്ഡാശയവും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. എന്നാല്‍ മിസ്ത്രിക്ക് സ്‌ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു. ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.







