കല്പറ്റ: റഡാറിൽ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയത്തെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. ശക്തമായ സിഗ്നലാണ് പ്രദേശത്ത് ലഭിച്ചിരിക്കുന്നത്. തിരച്ചിലിന് കൂടുതൽ ലൈറ്റുകൾ എത്തിക്കാനും കെട്ടിടം ഇടിച്ച് പൊളിച്ച് ദൗത്യം തുടരാനും നിർദേശം നൽകി. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം താഴ്ചയില്‍. ആദ്യ തിരച്ചിലില്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്തുനിന്ന് ഒന്നും കണ്ടെത്തിയില്ല. തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പെട്ടെന്ന് മാറ്റി. വീണ്ടും റഡാര്‍ പരിശോധനയും തിരച്ചിലും, ലൈറ്റ് സംവിധാനങ്ങള്‍ എത്തിച്ചു. അതിനിടെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 334ആയി. ഇന്ന് 18 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ചൂരല്‍മലയില്‍നിന്ന് ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളാര്‍മലയിലെ തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെടുത്തു. ചാലിയാറില്‍ ഇന്ന് 12 മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറില്‍ നിന്നുമാത്രം ഇതുവരെ 184 മൃതദേഹങ്ങളാണ് കിട്ടിയത്. 280 പേര്‍ ഇനിയും കാണാമറയത്താണ്. 210 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 140 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുരന്ത മേഖലയിൽ സേനാ വിഭാഗങ്ങളും പൊലീസും ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗവും നേതൃത്വം നൽകുന്ന തിരച്ചിലിൽ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും മേൽനോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവർത്തനം. ഇന്ത്യന്‍ സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽ നിന്നായി 640 പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങൾ), വനം വകുപ്പ് (56), സിവിൽ ഡിഫന്‍സ് വിഭാഗം അടക്കം സംസ്ഥാന ഫയർ ആന്‍റ് റെസ്ക്യൂ സർവീസസ് (460), പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (64), തമിഴ്നാട് ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്ക്വാഡ് (15), പൊലീസിന്‍റെ ഇന്ത്യന്‍ റിസർവ് ബറ്റാലിയന്‍ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പോലീസിന്‍റെ കെ.9 സ്ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിന്‍റെ ഭാഗമാണ്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തിരച്ചിൽ പൊലീസിന്‍റെയും നീന്തൽ വിദഗ്ധരുടെയും നേതൃത്വത്തിൽ മുന്നേറുന്നു.