കാസര്‍കോട്: മൊഗ്രാല്‍ ജംഗ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊള്ളശ്രമം നടന്ന എ.ടി.എമ്മില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടേതെന്നു സംശയിക്കുന്ന 12 വിരലടയാളങ്ങള്‍ കണ്ടെത്തി. ഇവ ആരുടേതാണെന്നു തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. കനത്ത മഴ പെയ്തതിനാല്‍ നായയ്ക്ക് മണം പിടിക്കാന്‍ കഴിഞ്ഞില്ല. എ.ടി.എം കൗണ്ടറിനകത്തെ സിസിടിവി ക്യാമറയില്‍ നിന്നു കൊള്ളക്കാരുടേതെന്നു സംശയിക്കുന്ന മൂന്നു ഫോട്ടോകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവയും പരിശോധനാ ഘട്ടത്തിലാണ്. കൊള്ളക്കാര്‍ എത്തിയത് ബൈക്കിലാണെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
