ദോഹ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരര്‍ക്കും സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി. തൃശ്ശൂര്‍ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് ശിക്ഷ നടപ്പാക്കിയത്. 2016 ജൂലായ് ആറിനാണു കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊടുവള്ളി വേലാട്ടു കുഴിയില്‍ അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട സമീര്‍. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു കൊലപാതകം നടത്തിയത്. ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് ജുബൈലിലെ വര്‍ക്ക്‌ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം സമീര്‍ കൊല്ലപ്പെട്ടത്. ശരീരത്തില്‍ മുറിപ്പാടുകള്‍ കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചു. പണം കൊള്ളയടിക്കാനായി സൗദി യുവാക്കള്‍ സമീറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്ന് ദിവസം ബന്ദിയാക്കി മര്‍ദിച്ചതോടെ മരണപ്പെട്ടു. പിന്നീട് സമീറിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു. കൊലപാതകികള്‍ക്ക് മാപ്പു നല്‍കാന്‍ കൊല്ലപ്പെട്ട സമീറിന്റെ കുടുംബം തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയത്