വയനാട് ഉരുൾപൊട്ടൽ ദുരന്തം; 136 മരണം, 200ലധികം പേരെ കാണാതായി, രക്ഷാപ്രവർത്തനത്തിന് ബംഗളൂരുവിൽ നിന്ന് കരസേന എത്തും

 

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 136 ആയി. ഇതിൽ 200 ലധികം പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ 128 പേർ വിവിധ ആശുപത്രികളിൽ കഴിയുകയാണ്. മലവെള്ളം കുത്തിയൊലിക്കുന്നത് കണ്ടു രക്ഷപ്പെടാൻ ശ്രമിച്ചവർ മദ്രസകളിലും റിസോർട്ടുകളിലും കുന്നുകളിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. ബംഗളൂരുവിൽ നിന്ന് കരസേന സംഘം എത്തും. പൊലീസ് കൂടുതൽ ഡ്രോണുകൾ എത്തിക്കും. ഡോഗ് സ്ക്വാഡുകളും എത്തുന്നുണ്ട്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ 500 അധികം പേരെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിഞ്ഞ 34 മൃതദേഹങ്ങളിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നീക്കം നടത്തുന്നുണ്ട്. മദ്രസ, സെന്റ് സെബാസ്റ്റ്യൻ പള്ളി എന്നിവിടങ്ങളിൽ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണായും ഇല്ലാതാക്കി. സ്കൂൾ കെട്ടിടം, ശിവക്ഷേത്രം തുടങ്ങിയവ കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ ഒഴുകിപ്പോയി. സീതാക്കുണ്ട്, മാങ്കുന്ന് പ്രദേശങ്ങൾ കനത്ത നാശം നേരിട്ടു. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമായിട്ടില്ല. ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താൽക്കാലിക പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. ഇന്ന് പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താൻ ശ്രമം നടത്തും. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page