കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് വിയ്യൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ 20ന് രാത്രി 7.30 നാണ് സംഭവം. അനൂപ് ഫയലുകളില്‍ ക്രമക്കേട് നടത്തിയിരുന്നു. ഇത് പിടികൂടാതിരിക്കാനാണ് ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഈ ലക്ഷ്യത്തോടെയാണ് ഇയാള്‍ ഓഫീസിന് തീയിട്ടതെന്ന് പൊലിസ് കണ്ടെത്തി. കേന്ദ്രത്തിലെ ഫാര്‍മസിയിലാണ് പെട്രോളൊഴിച്ച് തീവെക്കാന്‍ ശ്രമം നടന്നത്. ഓഫീസിലെ ഫയലുകളും കുറച്ച് മരുന്നുകളും മാത്രമാണ് കത്തി നശിച്ചത്. പിന്നീട് പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരുന്നു. മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് അനൂപ് മറ്റുള്ളവരെ ധരിപ്പിച്ചത്. കൂടാതെ അക്രമി മരുന്നിനെച്ചൊല്ലി ആരോഗ്യ കേന്ദ്രത്തിലെത്തി ബഹളം വച്ചിരുന്നു എന്നൊരു കഥയും മെനഞ്ഞിരുന്നു. തീ കൊളുത്തിയ വിവരം അനൂപ് മാത്രമാണ് കണ്ടതായി പറയുന്നത്. ഇതോടെ സംശയം അനൂപിലേക്ക് നീളുകയായിരുന്നു.
ഒരാള്‍ ഉണ്ടെങ്കില്‍ തന്നെ മൂന്നിടത്ത് ഫയലുകള്‍ കത്തിക്കുന്നതെന്തിനെന്ന പൊലീസിന്റെ സംശയമാണ് കേസിന് വഴിത്തിരിവായത്. എന്നാല്‍, ഈ സംഭവത്തിന് ദൃക്‌സാക്ഷിയായി മറ്റാരും ഉണ്ടായിരുന്നില്ലയെന്നതും ആരോഗ്യ കേന്ദ്രത്തില്‍ മൂന്നിടത്ത് തീ കൊളുത്തിയെന്നതും പൊലീസിന് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തീ കൊളുത്തിയത് ഫയലുകള്‍ നശിപ്പിക്കാന്‍ ത ലക്ഷ്യമാക്കിയായിരുന്നെന്നും സ്ഥിരീകരിച്ചത്.
