നാരായണന്‍ പേരിയ
‘അമേരിക്കന്‍ റോഡ്സ് ആര്‍ നോട്ട് ഗുഡ്ഡ്, ബിക്കോസ്, അമേരിക്കാ ഈസ് റിച്ച്. അമേരിക്കാ ഈസ് റിച്ച്, ബിക്കോസ്, അമേരിക്കന്‍ റോഡ്സ് ആര്‍ ഗുഡ്’ -ജെ.എഫ് കെന്നഡി
അമേരിക്ക സമ്പന്ന രാജ്യമാണ്. അതല്ല, അവിടത്തെ റോഡുകള്‍ നന്നായിരിക്കാന്‍ കാരണം. നേരെ തിരിച്ചാണ്. അമേരിക്കയിലെ റോഡുകള്‍ നന്നായിരിക്കുന്നത് കൊണ്ട് അമേരിക്ക നന്നായി.
അമേരിക്കയിലെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡണ്ടായിരുന്നു ജെ.എഫ് കെന്നഡി. (1963 നവംബര്‍ 22ന് അദ്ദേഹം ഹാര്‍വി ഓസ്വാള്‍ഡിന്റെ വെടിയേറ്റ് മരിച്ചു) അദ്ദേഹം ഇങ്ങനെ പറഞ്ഞത് ഏത് കാലത്താണ് എന്ന് ഊഹിക്കുക. സാമ്പത്തിക നിലയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും. ആറ് പതിറ്റാണ്ടിന്നിപ്പുറവും-നില്‍ക്കുന്നത്. റോഡുകളും ഒന്നാം തരമായിരിക്കും.
എന്താണ് ഇതില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്? റോഡുകള്‍ നന്നായാല്‍ നാടും നന്നാകും എന്നു തന്നെ. റോഡ് എന്ന് പറയുമ്പോള്‍ വെറും റോഡ് മാത്രം എന്ന് മനസ്സിലാക്കിയാല്‍ പോരാ; റെയില്‍വെ ഉള്‍പ്പെടെ എല്ലാതരം ഗതാഗതോപാധികളും -നന്നാകണം; പരിസരപ്രദേശങ്ങളും. വൃത്തിയായി, വെടിപ്പായി സൂക്ഷിക്കണം. എന്നാല്‍ നാട് നന്നാകും. നാട് ഭരിക്കുന്നവര്‍ ആദ്യം…
ഓര്‍മ്മയില്‍ ഒരു പത്രവാര്‍ത്ത ഉയര്‍ന്നുവരുന്നു: ഒമ്പത് കൊല്ലം മുമ്പ് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് (10.09.2015)മത്സ്യമാര്‍ക്കറ്റ് തുറന്നു കൊടുക്കണം എന്ന് തലക്കെട്ട്’. വാര്‍ത്ത:
‘രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത, ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് തുറന്നു കൊടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്്മാന്‍ ഫിഷറീസ് മന്ത്രിക്കും, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് രണ്ടരക്കോടി (2.5 കോടി) രൂപ ചെലവില്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യമൊത്തക്കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റ് കെട്ടിടത്തിന്റെ സ്്റ്റാളുകള്‍ നല്‍കണം; അവര്‍ക്കെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ മാര്‍ക്കറ്റിനകത്ത് ഏര്‍പ്പെടുത്തണം. റോഡിലെ മത്സ്യവില്‍പ്പന ഒഴിവാക്കണം- ഇത്രയും കാര്യങ്ങളാണ് കത്തില്‍ ഉള്ളത്.’
ശ്രദ്ധിക്കുക: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ഗുണഭോക്താക്കള്‍ക്ക് തുറന്നു കൊടുക്കാതിരുന്നപ്പോഴാണ് തൊഴിലാളി യൂണിയന്‍ നേതാവ് മന്ത്രിക്കും എം.എല്‍.എയ്ക്കും കത്തെഴുതിയത്. നഗരസഭാ ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ക്കും കത്ത് നല്‍കിയോ? അവരല്ലേ മുന്‍കൈയെടുക്കേണ്ടത്. അക്കാര്യം വാര്‍ത്തയിലില്ല. നേരിട്ട് പറഞ്ഞിട്ടുണ്ടാകണം. പിന്നെയും എത്ര ആഴ്ചകളെടുത്തു (മാസങ്ങളോ) ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ എന്ന് അറിയുന്നവരാണ് തദ്ദേശീയര്‍. ഓര്‍മ്മയുണ്ടാകും. മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ സ്ഥതിയോ?
മത്സ്യമാര്‍ക്കറ്റിന്റെ (സാധാരണ മത്സ്യമാര്‍ക്കറ്റല്ല, ആധുനിക രീതിയിലുള്ളത്! രീതി വിശേഷം കണ്ടറിഞ്ഞില്ലേ?)കാര്യം ഇപ്പോള്‍ ഓര്‍ക്കാനിടയാക്കിയതും ഒരു പത്രവാര്‍ത്തയാണ്(2024 ജുലൈ 19)
‘നഗരസഭ ശേഖരിച്ച മാലിന്യം ശുചീകരിച്ച ശേഷം വ്യക്തിയുടെ പറമ്പിലും കിണറ്റിലും തള്ളുന്നതായി പരാതി. മീന്‍ ചന്തക്ക് സമീപത്തെ എം.ജി റോഡിന് പിറകിലെ പറമ്പിലും മാലിന്യമിടുന്നു. സ്ഥലം ഉടമ പരാതി പറഞ്ഞു. വിഷയം വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭയിലറിയിച്ചു.എന്നിട്ടും നടപടിയില്ല. ആറു മാസമായി മാലിന്യം കിണറ്റില്‍ തള്ളുന്നു എന്ന് കൗണ്‍സിലര്‍. മാലിന്യം ഇടാന്‍ വേറെ സ്ഥലം ഇല്ല എന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നഗരസഭാ ചെയര്‍മാന്‍. (വാര്‍ത്തയോടൊപ്പം ഫോട്ടോ-മാലിന്യം നിറഞ്ഞ കിണറിന്റെ) ആറു മാസമായിട്ടും ചെയര്‍മാന്‍ അറിഞ്ഞില്ല! ബോര്‍ഡ് വെച്ച ഔദ്യോഗിക വാഹനം ഇതുവഴി പോയിട്ടില്ലായിരിക്കും! രാജി വച്ചൊഴിഞ്ഞ മുന്‍ ചെയര്‍മാന്റെ കാലത്തെ സ്ഥിതി എന്തായിരുന്നു എന്നറിയില്ല.
മാലിന്യം ഇടാന്‍ (അല്ല, നിക്ഷേപിക്കാന്‍) നഗരസഭാ പരിധിക്കകത്ത് സ്ഥലമില്ല എന്ന് ചെയര്‍മാന്‍ പറഞ്ഞത് ശരിയാണ്. മുമ്പ് ഉണ്ടായിരുന്നു-‘കേളുഗുഡ്ഡെ’. ആ നാറുന്ന കഥ ഓര്‍മ്മിക്കുന്നില്ല. ദുരനുഭവമുള്ള തദ്ദേശവാസികള്‍ക്ക് ഓക്കാനം വരും ഇപ്പോഴും!)
ബഹുമുഖ പ്രതിഭയായ എന്‍.വി കൃഷ്ണവാരിയര്‍ 1988 മാര്‍ച്ച് 27ന് പ്രസിദ്ധീകരിച്ച ഒരു ലേഖനമുണ്ട്. ‘കുപ്പകളുടെ രാഷ്ട്രീയം’. (വീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍ എന്ന ലേഖന സമാഹാരത്തില്‍ വായിക്കാം) ‘മാലിന്യം’ തന്നെയാണ് ‘കുപ്പ’. അതില്‍ നിന്ന് ഉദ്ധരിക്കട്ടെ: വ്യവസായങ്ങള്‍ നമുക്ക് ഒട്ടേറെ ഉപഭോഗവസ്തുക്കള്‍ തരുന്നുണ്ട്; അതോടൊപ്പം ഒട്ടേറെ ‘കുപ്പ’യും. ആദ്യത്തേത് വിപണിയില്‍ വിറ്റഴിക്കുന്നു. രണ്ടാമത്തേതോ? വലിച്ചെറിയുന്നു. അതാണല്ലോ നമ്മുടെ ശീലം. എന്നാല്‍ മറു നാട്ടുകാര്‍ അതും വില്‍ക്കുന്നു; കയറ്റി അയക്കുന്നു. ഏജന്റുമാര്‍ കമ്മീഷന്‍ പറ്റിയ ശേഷം നമ്മുടെ പണി-വലിച്ചെറിയല്‍! വിദേശ മാലിന്യം-‘ഫോറിന്‍ പ്രൊഡക്റ്റ്സ്’-നമ്മുടെ നാട്ടിലും!
നാറ്റക്കഥ നിര്‍ത്താം തല്‍ക്കാലം. ‘രാഷ്ട്രീയത്തിലെ കുപ്പകള്‍’ അപ്പുറത്തുണ്ട്. ഇടംകാലിലെ ചെളി വലം കാലില്‍ തൂത്തും
വലംകാലിലെ ചെളി ഇടംകാലില്‍ തൂത്തും…
-കുപ്പ രാഷ്ട്രീയക്കളി!