കാസര്‍കോട്: ബാറില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതമായി അടിച്ചു പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബല്ല, മുത്തപ്പന്‍ത്തറ, നീരോക്കിലെ എന്‍. മനു (36),അജാനൂര്‍, മൂലകണ്ടത്തെ കെ. ശ്യാംകുമാര്‍ (34)എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്.
ജൂലൈ മൂന്നിന് കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ ഒരു ബാറിലാണ് കേസിനാസ്പദമായ സംഭവം. അരയി, കാര്‍ത്തികയിലെ അമല്‍ കൃഷ്ണയാണ് അക്രമത്തിനു ഇരയായത്. ബാറില്‍ ഉണ്ടായ വാക്കേറ്റത്തിന് ശേഷം പുറത്തിറങ്ങിയ അമല്‍കൃഷ്ണയെ അഞ്ചു പേര്‍ ചേര്‍ന്ന് മാരകയുധങ്ങള്‍ കൊണ്ട് അക്രമിച്ചുവെന്നാണ് കേസ്. ഇപ്പോള്‍ അറസ്റ്റിലായ മനു കാപ്പ കേസില്‍ അറസ്റ്റിലായി ജയിലില്‍ ആയിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും അക്രമത്തില്‍ ഏര്‍പ്പെട്ടതെന്നു പൊലീസ് പറഞ്ഞു. കേസില്‍ സുധീഷ് എന്നയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്. രണ്ടു പേരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.







