കാസര്‍കോട്: കര്‍ണ്ണാടകയിലെ ഷിരൂരില്‍ 11 ദിവസം മുമ്പാണ്ടായ മണ്ണിടിച്ചില്‍ ദുരന്തം ദേശീയ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരിക്കെ ബദിയഡുക്ക നെക്രാജെ ചേടിക്കാനത്തു സ്വകാര്യ വ്യക്തികളും മണ്ണുമാഫിയയും ചേര്‍ന്നു മറ്റൊരു ദുരന്തത്തെ മാടിവിളിക്കുകയാണെന്നു നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ബദിയഡുക്ക- ചെര്‍ക്കള റോഡിലെ നെക്രാജെക്കടുത്ത ചേടിക്കാന സ്‌കൂളിനു മുന്‍വശത്താണ് മണ്ണിടിക്കലും മണ്ണു കടത്തും തകൃതിയായിട്ടുള്ളതെന്നു നാട്ടുകാര്‍ അറിയിച്ചു. ആദ്യം സ്വകാര്യ വ്യക്തികളും മണ്ണുമാഫിയയും ചേര്‍ന്നായിരുന്നു മണ്ണു കടത്തലെന്നും പിന്നീടു ദേശീയ പാതക്കുവേണ്ടിയും വന്‍തോതില്‍ കുന്നിടിച്ചുവെന്നും പരാതിയില്‍ പറഞ്ഞു.
ഇപ്പോള്‍ ഏതു നിമിഷവും കുന്ന് ഇടിയുമെന്ന സാഹചര്യമാണ് അവിടെയുള്ളതെന്നും ഈ സ്ഥലത്തിനു താഴെ 15 വീടുകളുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.
ഇവിടെ ഇപ്പോള്‍ത്തന്നെ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. അതു കൂടുതലായാല്‍ കാസര്‍കോട് -പുത്തൂര്‍ റോഡ് നിശ്ചലമാവുമെന്നും നാട്ടുകാര്‍ അധികൃതരെ മുന്നറിയിച്ചു.