ഖണ്ഡം ഏഴ്
മന്ത്രം: ഷോഡശകല;സോമ്യ പുരുഷ: പഞ്ചദശാ
ഹാനി മാശീ: കാമമപ: പിബാപോമയ: പ്രാണോ
ന പിബതോ വിച്ഛേത്സ്യത ഇതി.
സാരം: അല്ലയോ സൗമ്യ, പതിനാറുകലകളോടു കൂടിയവനാണ് പുരുഷന്‍. നീ പതിനഞ്ചുദിവസം ഭക്ഷണമൊന്നും കഴിക്കാതിരിക്കുക. എന്നാല്‍ ഇഷ്ടം പോലെ വെള്ളം കുടിച്ചോളു. പ്രാണന്‍ ജലമയനാകുന്നു. വെള്ളം കുടിക്കാതിരുന്നാല്‍ ഒരുവന്റെ പ്രാണന്‍ വിച്ഛേദിക്കപ്പെടും. പഞ്ച പ്രാണന്മാര്‍, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവക്കൊപ്പം മനസ്സും ചേര്‍ന്നതാണ് പുരുഷന്റെ പതിനാറു കലകളായി പറയപ്പെട്ടിരിക്കുന്നത്. പുരുഷന്‍ എന്ന് സൂചിപ്പിച്ചത് കൊണ്ട് തെറ്റിദ്ധരിച്ചുപോകരുത്. പുരത്തിന്റെ ഈശനാണ് പുരുഷന്‍. പുരത്തില്‍ ശയിക്കുന്നവന്‍. പുരം എന്നാല്‍ ശരീരം. അപ്പോള്‍ പുരുഷനെന്നാല്‍ ശരീരമുള്ള എല്ലാ ജീവജാലങ്ങളും പെടും. സ്ത്രീയും പുരുഷനും ജീവികളും എല്ലാം. കാണുകയും കേള്‍ക്കുകയും മണക്കുകയും രുചിക്കുകയും സ്പര്‍ശിക്കുകയും ചെയ്തു കൊണ്ടാണ് ഈ ലോകത്തെ നാം അറിയുന്നത്. പഞ്ചജ്ഞാനേന്ദ്രീയങ്ങളില്‍ കൂടിയാണിത്. അതുപോലെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് കര്‍മ്മേന്ദ്രിയങ്ങള്‍ വഴിയാണ്. ചിന്തകളും സങ്കല്‍പ്പങ്ങളും ഓര്‍ത്തെടുക്കലുമൊക്കെ മനസ്സിന്റെ ധര്‍മ്മങ്ങളാണ്. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ കാര്യക്ഷമമായി നിര്‍വ്വഹിക്കപ്പെടുന്നത് നാം വേണ്ട രീതിയില്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്. മനസ്സിന്റെ ശക്തിയെ പരീക്ഷിക്കുന്നതിന് വേണ്ടി പതിനഞ്ചുദിവസം ആഹാരം കഴിക്കാതെ ജീവിക്കാനാണ് ആരുണി ശ്വേതകേതുവിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിച്ചോളു എന്നും ഓര്‍മ്മിപ്പിക്കുന്നു. പ്രാണന്‍ ജലമയനാണ്. കുടിക്കുന്ന ജലത്തിന്റെ സൂക്ഷ്മാംശമാണല്ലോ പ്രാണശക്തിയായി പരിണമിക്കുന്നത്്. ആവശ്യത്തിന് ജലം കുടിച്ചില്ലെങ്കില്‍ പ്രാണന്‍ നിലനിര്‍ത്താന്‍ സാധ്യമല്ല. അതിനാലാണ് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ആവശ്യപ്പെടുന്നത്.
(തുടരും)
