മഴ അവധി പ്രഖ്യാപിച്ചില്ല; പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും; പിന്നില്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍; കളക്ടര്‍ പിന്നീട് ചെയ്തത്

 

മഴ അവധി പ്രഖ്യാപിക്കാത്തതിനാല്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍. സംഭവത്തെ തുടര്‍ന്ന് കളക്ടര്‍ പ്രേം കൃഷ്ണന്‍ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തിഉപദേശിച്ചുവിടുകയായിരുന്നു.
അതേസമയം അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകളും മറ്റും കലക്ടര്‍ക്ക് വന്നിട്ടുണ്ട്. ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്‌സണല്‍ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. എന്നാല്‍ ചിലരാവട്ടെ കളക്ടര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെടുന്നു.
”പൊന്നു സാറേ, നല്ലോണം പഠിച്ചു സാറിനെ പോലെ വെല്യ ആളായി തീരണം എന്നാണ് എന്റെ ആഗ്രഹം.. രാവിലെ മുതല്‍ തുടങ്ങിയ മഴ ആണ്.. ഇനി നാളെ ഞാന്‍ കോളേജില്‍ പോയി അബദ്ധവെച്ചാല്‍ വെല്ല ഒഴുക്കുള്ള തോട്ടിലോ കുളത്തിലോ വീണു മരിച്ചാല്‍ ഈ സമൂഹത്തിനു കിട്ടേണ്ട വലൊരു മുത്തിനെ നിങ്ങള്‍ക്ക് നഷ്ടം ആകും.. ഒരുഅവധി തരുവോ?’ ‘ -അങ്ങനെയും ഒരു വിദ്യാര്‍ഥിയുടെ കമന്റ്‌.
”ദേ കണ്ടോ, അപ്രത്തെ കളട്ടറുമാമനിട്ടതാ..
എന്തോരു സ്‌നേഹമാ കുട്ടികളോട് .. ഇവിടുത്തെ മാമന്‍ വന്നേച്ചു കൊറെ പച്ചേം മഞ്ഞേം, ഓറഞ്ചും കാണിച്ചേച്ചും പോകും ,അവധി തരാവോന്ന് കെഞ്ചിയാ പോലും ങേ ഹെ ,, കണ്ട ഭാവം നടിക്കൂല”- പെണ്‍കുട്ടികളും കമന്റിടുന്നുണ്ട്.
അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ല, തന്റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കില്‍ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകള്‍ വന്നിട്ടുണ്ടെന്ന് കളക്ടര്‍ പറയുന്നു. സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ ആരാണെന്ന് സൈബര്‍ സെല്‍ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചു. കുട്ടി ഇങ്ങനെ ചെയ്തത് അറിയാതിരുന്ന രക്ഷിതാക്കള്‍ അന്തംവിട്ടു പോയെന്നും കളക്ടര്‍ പറയുന്നു.
മിക്ക കളക്ടര്‍മാരുടെയും പേജുകളില്‍ ഈ ബഹളം കാണാമെന്നും ഇങ്ങനെ ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തരുതെന്നുമാണ് കുട്ടികളോടും രക്ഷിതാക്കളോടും പ്രേം കൃഷ്ണന്റെ അഭ്യര്‍ത്ഥന.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page