തുപ്പുന്ന് ചരിതം

തുപ്പുന്ന് ചരിതം

ഈ ഉപകരണം കണ്ടവരുണ്ടോ? എന്റെ ഉമ്മുമ്മ ഉപയോഗിച്ചതാണിത്. അതിനു മുമ്പേ അവരുടെ ഉമ്മ ഉപയോഗിച്ചതായിരിക്കാം. എന്റെ ഉമ്മുമ്മ മരിച്ചിട്ട് 40 വര്‍ഷമായി. മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മുമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ 125 വയസ്സാവും. അവരുടെ ഉമ്മ മരിച്ചിട്ട് 75 വര്‍ഷമെങ്കിലും ആയിക്കാണും. അപ്പോള്‍ ഈ ‘തുപ്പുന്ന്’ രണ്ട് നൂറ്റാണ്ട് പഴക്കം കാണും തീര്‍ച്ച. ചിലപ്പോള്‍ അതിനും മുമ്പാവാന്‍ സാധ്യതയുണ്ട്.
പഴയ വസ്തുക്കള്‍ സൂക്ഷിച്ചു വെക്കാന്‍ എനിക്ക് വളരെ താല്‍പര്യമാണ്. ഇതിന് വായും നാക്കും ഉണ്ടെങ്കില്‍ എന്തെല്ലാം അനുഭവങ്ങള്‍ പറയാനുണ്ടാവും? ഉമ്മുമ്മ മുറുക്കുന്നതും ഇതില്‍ മുറുക്കി തുപ്പുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. രാവിലെ ഇതെടുത്തു കൊണ്ടുപോയി ഏതെങ്കിലും ഒരു കുഴിയില്‍ നിക്ഷേപിച്ച ശേഷം വെണ്ണീരിട്ട് തുടച്ച് തിളങ്ങുന്ന രൂപത്തില്‍ ഉമ്മുമ്മയുടെ കട്ടിലിനരികില്‍ വെക്കും.
കുഞ്ഞിരാമേട്ടനും, ചെറിയമ്പുവേട്ടനും, രാമേട്ടനും അന്ന് വെറ്റില കൃഷി ഉണ്ടായിരുന്നു. നൂറ് വെറ്റില ആഞ്ഞ് വെച്ച് കെട്ടിയിട്ടാണ് അവര്‍ പീടികയില്‍ വില്‍പ്പന നടത്തുക. അതിന് ‘ഒരു കെട്ട് വെറ്റില’ എന്നാണ് പറയുക. ഉമ്മുമ്മ ഇവരില്‍ നിന്നാരോടെങ്കിലും ‘കാല്‍ക്കെട്ട് വെറ്റില’ വാങ്ങും. അത് കേടായി പോവാതിരിക്കാന്‍ വാഴയുടെ പോളയില്‍ കയറ്റി വെക്കും. അന്നത്തെ ഫ്രിഡ്ജ്. രണ്ട് മൂന്ന് ദിവസം വാടാതിരിക്കും.
മുറുക്കലിന്റെ പ്രധാന ഘടകമാണ് പുകയില. അത് കാങ്കോലിലെ കച്ചവടക്കാരനായ കൂക്കാനക്കാരന്‍ എന്നറിയപ്പെടുന്ന ഉമ്മുമ്മയുടെ മൂത്ത മകന്‍ മുഹമ്മദ് കുഞ്ഞി ആഴ്ചക്ക് ‘ഒരു കറ്റപുകയില’ കൊടുത്തയക്കും ഒരു കറ്റയില്‍ പത്ത് പുകയില ഉണ്ടാവും. അത് ഒരു പുകയില കൊണ്ട് മുകള്‍ ഭാഗം ചുറ്റിക്കെട്ടും. അതിന് ‘പുകയില ചുറ്റ്’ എന്നു പറയും.
വേറൊരു ഘടകമാണ് ചുണ്ണാമ്പ്. അത് കക്ക നീറ്റുന്ന ചെരുപ്പുകുത്തി ഉണ്ടത്തിമ്മന്‍ നീറ്റ് കക്കയുമായി വന്ന് ഒരു മണ്‍കുടുക്കയില്‍ ഇട്ട് വെള്ളമൊഴിച്ച് ഇളക്കിയാണ് ചുണ്ണാമ്പ് തയ്യാര്‍ ആക്കുക. അത് ഒരു വര്‍ഷത്തേക്ക് മതിയാവും. അത് പിച്ചള കൊണ്ട് നിര്‍മ്മിച്ച ‘നൂറടപ്പില്‍’ ആക്കി വെക്കും
ഇനി അടക്ക. വീടിന്റെ അടുക്കള ഭാഗത്തുള്ള കവുങ്ങില്‍ നിന്ന് ഉമ്മുമ്മയുടെ ആവശ്യത്തിനുള്ള അടക്ക കിട്ടും. ചായ്പ്പില്‍ വലിയ ‘മണ്‍കുടത്തില്‍’ അടക്ക വെള്ളത്തിലിട്ടു വെക്കും. ഇതെല്ലാം ഓരോ ദിവസത്തേക്കുള്ള ആവശ്യത്തിന് ‘വെറ്റില ചെല്ലത്തില്‍’ എടുത്തു വെക്കും. ‘അടക്കാക്കത്തി’ എന്നൊരു ഉപകരണം കൂടി വെറ്റില ചെല്ലത്തില്‍ ഉണ്ടാവും.
ആരെങ്കിലും വെറ്റില മുറുക്ക് സ്വഭാവമുള്ള അതിഥി വന്നാല്‍ ആദരവോടെ അവരുടെ മുമ്പിലേക്ക് വെറ്റില ചെല്ലം എടുത്തു വെക്കും.
ചെറുതായി മുറിച്ച അടക്കാ കഷണമാണ് ആദ്യമായി വായിലിട്ട് ചവക്കുക. തുടര്‍ന്ന് വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് മടക്കി ഒതുക്കി വായിലേക്ക് തള്ളും. അവസാനമാണ് തലയ്ക്ക് അല്‍പം ഹരം പിടിപ്പിക്കുന്ന പുകയില കഷണം വായിലേക്ക് വെക്കുക.
ഇതെല്ലാം കൂട്ടി ചവച്ചരച്ച് ഇടയ്ക്ക് വര്‍ത്തമാനം പറഞ്ഞ് ആസ്വദിച്ച് മുറുക്കിക്കൊണ്ടിരിക്കും. ബാക്കി വരുന്ന പിണ്ടിയും തുപ്പലും തുപ്പിക്കളയാനാണ് നമ്മള്‍ കണ്ട ഈ തുപ്പുന്ന് ഉപയോഗിക്കുക. മുറുക്കി ചുവപ്പിച്ച ഉമ്മമ്മയുടെ ചുണ്ടു കാണാന്‍ എന്ത് ഭംഗിയാണെന്നോ?

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page