ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വിറ്റ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍; എംഎല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണം

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നും രണ്ടും സീസണുകളില്‍ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ആരോപിച്ചു.
കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളത്തിലാണ് എം.എല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണങ്ങളുമായി ആഞ്ഞടിച്ചത്. ഒന്നും രണ്ടും ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വലിയ അഴിമതിക്ക് നേതൃത്വം നല്‍കിയത് സംഘാടക സമിതിയുടെ ചെയര്‍മാനായ സി എച്ച് കുഞ്ഞമ്പു എംഎല്‍എയാണെന്നാണ് പ്രധാന ആരോപണം. ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ ഉണ്ടായ നഷ്ടം നികത്താന്‍ ബിആര്‍ഡിസി യുടെ തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ട്. ഇതിന് നേതൃത്വം നല്‍കിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണെന്നും ഈ വലിയ അഴിമതി പുറത്തുകൊണ്ടുവരാനുള്ള വിജിലന്‍സ് അന്വേഷണം പൂഴ്ത്തി വച്ചിരിക്കുകയാണെന്നും പ്രദീപ് കുമാര്‍ ആരോപിച്ചു. ഫെസ്റ്റിവല്‍ കഴിഞ്ഞ് നാളിതുവരെയായി വരവ് ചെലവ് കണക്ക് അവതരിപ്പിക്കാന്‍ പോലും സംഘാടക സമിതിയോ ബിആര്‍ഡിസിയൊ തയ്യാറായിട്ടില്ല. യാത്രാശ്രീ എന്നു പറയുന്ന ഏജന്‍സിക്കാണ് ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള മുഴുവന്‍ കാര്യങ്ങളും സംഘാടകസമിതി ഏല്‍പ്പിച്ചു കൊടുത്തത്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഉദുമ സിപിഎം ഏരിയ കമ്മിറ്റി അംഗവും യുവജനക്ഷമ ബോര്‍ഡിന്റെ ജില്ലാ കോഓര്‍ഡിനേറ്ററുമായ ഏ.വി ശിവപ്രസാദ് ടിക്കറ്റ് വില്‍പ്പനക്ക് നേതൃത്വം നല്‍കിയിരുന്നു.
ഫെസ്റ്റുവല്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളിലെല്ലാം വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉദുമ എംഎല്‍എയുടെയും ബിആര്‍ഡിസി എംഡി ഉള്‍പ്പെടെയുള്ള ആളുകളുടെയും ആസ്തിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രദീപ് പറഞ്ഞു. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം കേരള ഹൈക്കോടതിയെ സമീപിച്ച് ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും പ്രദീപ് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെആര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി കെവി രതീഷ് കാട്ടുമാടം, നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ് എച്ച് ആര്‍ വിനീത് എന്നിവരും സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page