കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 5 പ്രതികളാണ് കേസിലുള്ളത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം 8ന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി നേരത്തെ മൊഴിമാറ്റിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് സ്ഥലം വിട്ടിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതി തനിക്ക് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. അതിന് ശേഷം യുവതി ഡല്‍ഹിയിലേക്ക് തിരിച്ചു പോകുകയായിരുന്നു. മാത്രമല്ല പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനും പന്തീരാങ്കാവ് പൊലീസിനും പരാതിക്കാരിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
