കാഠ്മാണ്ഡു: നേപ്പാളില്‍ ഇന്നു രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ 63 പേര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബസ്സുകള്‍ തൃശൂലി നദിയിലേക്കു ഒലിച്ചുപോയി.
ഇന്നു പുലര്‍ച്ചെ മൂന്നരമണിയോടെയാണ് ലോകത്തെ നടുക്കിയ ദാരുണസംഭവമുണ്ടായത്. 9 മണിക്കിടയില്‍ മൂന്നു പേരെ രക്ഷിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാഠ്മാണ്ഡുവിലേക്കും കാഠ്മാണ്ഡുവില്‍ നിന്നു റൗത്താഹട്ട്ഗൗരിലേക്കും പോവുകയായിരുന്ന ടൂറിസ്റ്റ് ബസുകളാണ് ഒലിച്ചു തൃശൂലി നദിയില്‍ വീണത്. അതിശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേപ്പാളില്‍ വന്‍ കെടുതികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നാരായണ്‍ഘട്ട്-മഗ്ലിംഗ് റോഡില്‍ ഗതാഗത തടസ്സമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കിയിട്ടുണ്ട്. പൊലീസിനു പുറമെ സൈനിക വിഭാഗങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അറിയിച്ചു.