കാസര്‍കോട്: അപകടാവസ്ഥയിലായ വി.സി.ബി കം ബ്രിഡ്ജ് പൊളിച്ചു നീക്കി കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു. 7.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി നിര്‍മിക്കുന്ന പാലത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ച് ഐ.ഡി.ആര്‍.ബി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി പുതിയ പാലം എത്രയും വേഗം യഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
മഴക്കാലത്ത് ഉണ്ടാകുന്ന ഹൈഫ്‌ളഡ് ലെവല്‍ കണക്കിലെടുത്ത് പൂര്‍ത്തീകരിച്ച ഡിസൈന്‍ പ്രകാരം നിലവിലെ പാലത്തില്‍ നിന്നും രണ്ട് മീറ്റര്‍ ഉയരം കൂട്ടി നിര്‍മിക്കാന്‍ ഇരുകരകളിലുമായി മുപ്പത് സെന്റ് ഭൂമി അധികം ഏറ്റെടുക്കുക എന്നത് പ്രായോഗികമല്ലെന്ന്
ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. അതിനാല്‍ പാലത്തിന്റെ ഉയരം കുറയ്ക്കുന്നതിനായി റീ ഡിസൈന്‍ പ്രവൃത്തികള്‍ ഐ.ഡി.ആര്‍.ബിയില്‍ പുരോഗമിച്ചു വരുന്നുണ്ട്. നിലവിലെ പാലത്തില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ മാത്രം പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് 10 സെന്റിലേക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ യോഗത്തില്‍ വ്യക്തമാക്കി. ഭൂമിയുടെ അളവ് തിട്ടപ്പെടുത്തുന്നതിനായി താലൂക്ക് സര്‍വേയര്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ സ്‌കെച്ച് തയ്യാറാക്കുന്നതിന് വേണ്ടി ഐ.ഡി.ആര്‍.സി യില്‍ നിന്നും ബ്രിഡ്ജിന്റെ ബേസിക് ഡ്രോയിങ് ലഭിച്ചിട്ടുണ്ട്. 25 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഈ വര്‍ഷം ആഗസ്റ്റ് അവസാനത്തോടെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. പുതിയ പാലത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനും മറ്റുമായി എ.കെ.എം അഷ്‌റഫ് എം.എല്‍എ.യുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല
യോഗത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ എം.സദാശിവന്‍, ഐ.ഡി.ആര്‍.ബി ഡിസൈന്‍ വിങ് ഡയറക്ടര്‍ ശ്രീദേവി. പി, മൈനര്‍ ഇറിഗേഷന്‍ കോഴിക്കോട് സര്‍ക്കിള്‍ സുപ്രണ്ടിങ് എന്‍ജിനീയര്‍ രമേശന്‍, മൈനര്‍ ഇറിഗേഷന്‍ കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സഞ്ജീവ്.പി, മൈനര്‍ ഇറിഗേഷന്‍ മഞ്ചേശ്വരം സബ് ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനൂപ് എ, ഡിസൈന്‍ വിങ് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സീന, ജോയിന്‍ ഡയറക്ടര്‍ ഡിസൈന്‍ സിന്ധു.ആര്‍, കുമ്പള ഡിവിഷന്‍ മൈനര്‍ ഇറിഗേഷന്‍ അസി.എന്‍ജിനീയര്‍ ഗോകുലന്‍ ടി, എംഎല്‍എ പെഴ്‌സണല്‍ അസിസ്റ്റന്റ് അഷ്‌റഫ് കൊടിയമ്മ സംബന്ധിച്ചു.
