കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളെ നോക്കു കുത്തിയാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ജി.എം.എല്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ഒപ്പുമതില്‍ തീര്‍ത്തു.
2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ 587 കോടി രൂപയും ഉടന്‍ അനുവദിക്കുക, 2024 മാര്‍ച്ച് 25നു മുമ്പ് ട്രഷറിയില്‍ നല്‍കിയ 1156.12 കോടി രൂപ പ്രത്യേക വിഹിതം ഉടന്‍ നല്‍കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഫണ്ട് തടയുന്ന നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുക, ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒപ്പുമതില്‍.
തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി വിഷമിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളെയും മുരടിപ്പിലേക്ക് തള്ളി വിടുകയാണെന്നും ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം 20ന് സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് ധര്‍ണ്ണയും തുടര്‍ന്ന് തലസ്ഥാനത്ത് പ്രത്യക്ഷ സമരങ്ങളും തുടരുമെന്നു യോഗം മുന്നറിയിച്ചു.
വൊര്‍ക്കാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ഒപ്പുമതില്‍ മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് അന്തുഞ്ഞി ഹാജി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ്, കെ. മുഹമ്മദ്, ഉമ്മര്‍ ബോര്‍ക്കള, ഹാരിസ് പാവൂര്‍, സീത, ഇബ്രാഹിം ധര്‍മ്മനഗര്‍, ഉമാവതി, ശാന്ത, ഹെലന്‍ ലോബോ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ഒപ്പ് മതില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.എല്‍ ജി എം എല്‍ ജില്ലാ സെക്രട്ടറി ബദറുല്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കലാഭന്‍ രാജു, ഹനീഫ പാറ,ജമീല അഹമദ്.ഷമീമ അന്‍സാരി തുടങ്ങിയര്‍ പ്രസംഗിച്ചു. സകീന ഗോവ നന്ദി പറഞ്ഞു.
