മംഗളൂരു: ‘ചഡ്ഡി ഗ്യാങ്ങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പൊലിസ് പിടികൂടി. മോഷണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. സംഘത്തെ കുറിച്ച് വിവരം നല്‍കിയ
മംഗളൂരു കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെയും സ്വകാര്യ ഡ്രൈവര്‍മാരെയും പൊലീസ് അഭിനന്ദിച്ചു. മധ്യപ്രദേശ് സ്വദേശികളായ രാജു സിംഘാനിയ (24), മയൂര്‍ (30), ബാലി (22), വിക്കി (21) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചേ മംഗളൂരു കോട്ടക്കണി റോഡിലെ ദേരെബൈലുവില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളായ വിക്ടര്‍ മെന്‍ഡോങ്കയുടെയും പട്രീഷ്യ മെന്‍ഡോങ്കയുടെയും വീട്ടില്‍ ഈ സംഘം കവര്‍ച്ചയ്‌ക്കെത്തിയിരുന്നു. 12 ലക്ഷം രൂപയുടെ സ്വര്‍ണം, വജ്രാഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു സാംസങ് മൊബൈല്‍ ഫോണും, 10 ബ്രാന്‍ഡഡ് വാച്ചുകളും, 3000 രൂപയും കവര്‍ച്ചചെയ്തു. വീട്ടിലെ കാറും മോഷണം നടത്തിയാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. പിന്നീട് കാര്‍ ഉപേക്ഷിച്ച് മുള്‍ക്കി ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മംഗളൂരു, ഹാസന്‍, സക്ലേഷ്പൂര്‍ പൊലീസ് സംയുക്തമായി തെരച്ചില്‍ ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്ന് മോഷണം നടത്തിപ്പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. അങ്ങനെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ‘ചഡ്ഡി ഗ്യാങ്ങ്’ അംഗങ്ങളെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പൊലീസ് കെഎസ്ആര്‍ടിസി സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും കൈമാറിയിരുന്നു. പുലര്‍ച്ചേ 5.30 മംഗളൂരു-ബംഗളൂരു കെഎസ്ആര്‍ടിസി ബസിലാണ് കവര്‍ച്ചക്കാര്‍ യാത്ര ചെയ്തത്. ഈ വിവരം ഉടന്‍ തന്നെ ജീവനക്കാരും ഡ്രൈവര്‍മാരും പൊലീസിന് കൈമാറി. അതിനിടെ മുള്‍ക്കി ബസ് സ്റ്റാന്‍ഡില്‍ അജ്ഞാതരായ നാല് പേര്‍ തങ്ങളുടെ ബസില്‍ കയറിയതായും പിന്നീട് മംഗളൂരുവില്‍ ഇറങ്ങിയതായും ഡ്രൈവറും കണ്ടക്ടറും സ്ഥിരീകരിച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സ്വകാര്യ ഡ്രൈവര്‍മാരും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കവര്‍ച്ചക്കാരെ സകലേഷ്പൂരില്‍ കണ്ടെത്തിയത്. ഹാസന്‍ പൊലീസും സക്ലേഷ്പൂര്‍ പൊലീസും സകലേഷ്പൂരില്‍ വച്ചു സംഘാംഗങ്ങളെ പിടികൂടി. മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പണവും വാച്ചുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത് ഉര്‍വ പൊലീസിന് കൈമാറി.
കൊട്ടേക്കണിയില്‍ മോഷണം നടന്ന് അഞ്ച് മണിക്കൂറിനുള്ളിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
