സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26 കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017 ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്. അനുവിന്റെ മരണത്തെത്തുടര്‍ന്ന് മാരായമുട്ടം പൊലീസ് കേസ് എടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രോഗം പിടിപ്പെട്ടാല്‍ 75 ശതമാനം ആള്‍ക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളില്‍ കടുത്ത ഛര്‍ദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും കോളറയുടെ മറ്റ് ലക്ഷണങ്ങളാണ്.
