കാസര്‍കോട്: വീട് കുത്തിത്തുറന്ന് ഐ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട്, അടുക്കയിലെ അഷ്‌റഫലി(25)യെ ആണ് കുമ്പള എസ്.ഐ കെ. ശ്രീജേഷിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ജൂണ്‍ നാലിന് ഉപ്പള, ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടില്‍ നിന്നാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അഷ്‌റഫലി പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ബേക്കൂറിലെ കവര്‍ച്ചക്ക് പിന്നില്‍ ഇയാളാണെന്ന് വ്യക്തമായി.
കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ ബേക്കൂറില്‍ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
