മംഗ്‌ളൂരു: 24കാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷിമോഗ, ആകുംബയിലെ മണി (25)യാണ് പൊലീസിന്റെ പിടിയിലായത്. ആകുംബയിലെ കുശാലിന്റെ മകള്‍ പൂജ(24)യാണ് കൊല്ലപ്പെട്ടത്. പൂജയും മണിയും സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു.
ഇതിനിടയിലാണ് ജൂണ്‍ 30ന് പൂജയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൂജയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പൂജയുടെ ഫോണിലേക്ക് ഏറ്റവും അവസാനമായി കോള്‍ വന്നത് മണിയുടെ ഫോണില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് അറസ്റ്റിലായ മണി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ജൂണ്‍ 30ന് പൂജയെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയാണ് ഷിമോഗ തീര്‍ത്ഥഹള്ളിയിലേക്ക് യാത്ര പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ട് പോയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കാട്ടില്‍ എത്തിയ ശേഷം പൂജയെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വന്യ മൃഗങ്ങളുള്ള തീര്‍ത്തഹള്ളി വനത്തില്‍ തള്ളിയെന്നും മണി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയേയും കൊണ്ട് തീര്‍ത്ഥ ഹള്ളി വനത്തില്‍ നടത്തിയ പരിശോധനയിലാണ് പൂജയുടെ മൃതദേഹം കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.