മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, വേങ്ങര, കറ്റൂര്‍, കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങ(38)ളെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തമിഴ്‌നാട്, ഗൂഡല്ലൂര്‍, പാടന്തറയില്‍ താമസിച്ച് വ്യാജ ചികിത്സ നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലും വിദേശങ്ങളിലും എത്തിക്കുന്ന കാരിയര്‍മാരില്‍ പ്രധാനിയാണ് ഹുസൈന്‍ കോയ തങ്ങള്‍. ഇയാള്‍ ഈ വര്‍ഷം മുംബൈ, ബംഗ്‌ളൂരു വിമാനത്താവളങ്ങള്‍ വഴി ബാങ്കോക്കില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവു കടത്തി കൊണ്ടുവന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് എത്തിക്കുന്ന കഞ്ചാവ് പിന്നീട് ഖത്തര്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഓരോ കടത്തിനും ലക്ഷം രൂപ പ്രതിഫലമായി പറ്റുന്നതായി കൂട്ടിച്ചേര്‍ത്തു.
ഹുസൈന്‍ തങ്ങളുടെ അറസ്റ്റോടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കണ്ണൂരിലെ റിമാസ്, റിയാസ്, വയനാട് സ്വദേശി ബെന്നി, മുഹമ്മദ് റാഷിദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
