കാസര്‍കോട്: പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡി.വൈഎസ്.പി എം. സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പൈവളിഗെ, ജംഗ്ഷന്‍, ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ആള്‍താമസമില്ലാത്ത വീട്, കൊല നടന്ന കാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. ശനിയാഴ്ച 11.30 മണിയോടെയാണ് ഡി.വൈഎസ്.പി.യുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പൈവളിഗെയില്‍ എത്തിയത്. കൊല്ലപ്പെട്ട പുത്തിഗെ, മുഗുറോഡിലെ അബൂബക്കര്‍ സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരമറിഞ്ഞ് പൈവളിഗെയില്‍ എത്തിയിരുന്നു. 2022 ജൂണ്‍ 26ന് ആണ് അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയത്. ദിര്‍ഹം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പറയുന്നു. പൈവളിഗെയിലെ വീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം സമീപത്തെ വിജനമായ കാട്ടില്‍ തല കീഴായി കെട്ടിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ച ശേഷം കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. കേസില്‍ ഏതാനും പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇത് പരിഗണിച്ചു കൊണ്ടാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
