മുളിയാറില്‍ തൊഴുത്തില്‍ കെട്ടിയ പശുകുട്ടിയെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍; പുലിയെന്ന് നാട്ടുകാരുടെ സംശയം; പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്

കാസര്‍കോട്: മുളിയാര്‍ പാലത്തിനടുത്ത് വീട്ടുവളപ്പിലെ തൊഴുത്തില്‍ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. പുലി കടിച്ചുകൊന്നതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. അതേ സമയം ഇവിടെ പുലിയുടെ സാന്നിദ്ധ്യം ഇല്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമെന്ന് പറയുന്നു. മുളിയാര്‍ ചീരംകോട് അബ്ദുള്ളക്കുഞ്ഞിയുടെ ഒന്‍പതുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് റേഞ്ച് ഓഫീസില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. മുളിയാര്‍ മൃഗാശുപത്രിയിലെ വെറ്ററനറി സര്‍ജന്‍ ഡോ.അതുലിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പ്രദേശത്ത് പുലിയുടെ സാന്നിധ്യമില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. നായകള്‍ കടിച്ചുകൊന്നതായിരിക്കാമെന്ന സംശയവും അവര്‍ പങ്കുവച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഇന്നുവൈകീട്ട് ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മുളിയാറില്‍ നേരത്തെ പുലിയെ കണ്ടെന്ന് വ്യാപകമായി പ്രചരണമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് മുളിയാര്‍ തോണിപ്പള്ളത്ത് വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായയെ കഴിഞ്ഞ ദിവസം അജ്ഞാതജീവി കടിച്ചുകൊണ്ടുപോയതിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ക്യാമറവച്ചിരുന്നു. ഇരിയണ്ണി, മഞ്ചക്കല്ല്, കാട്ടിപ്പള്ളം, പേരടുക്കം, കുറ്റിയടുക്കം പ്രദേശങ്ങളില്‍ പുലിയെ കണ്ടെന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും പ്രദേശത്ത് ഭീതി ഉയര്‍ത്തിയിരുന്നു. അതേസമയം ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, ബാബു, ആര്‍ആര്‍ടി ടീമിലെ ജയകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രവീണ്‍കുമാര്‍, ബിഎഫ്ഒ അഭിലാഷ്, രാമചന്ദ്രന്‍, ജയപ്രകാശ്, സുമേഷ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page